Monday, August 30, 2010

St. VELU

വേലു മുതലാളിയെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ കുട്ടനാട്ടില്‍ വിരളമായിരിക്കും. സായിപ്പന്മാരും റിസോട്ടുകളും വരുന്നതിനു മുമ്പ് കുട്ടനാടിന്റെ പ്രശസ്തി വേലുവിനെ പോലെയുള്ള മുതലാളിമാരിലൂടെ ആയിരുന്നു. ദാരിദ്ര്യത്തില്‍ ജനിച്ച് ജീവിത സമരങ്ങളിലൂടെ സമ്പന്നതയുടെ നെറുകയില്‍ എത്തിയ ആളാണ് വേലു. വേലുമുതലാളിയെപ്പറ്റി നടന്നതും നടക്കാത്തതുമായി ധാരാളം കഥകള്‍ പ്രചാരത്തില്‍ ഉണ്ട്. അവയില്‍ ഒന്നുമാത്രമാണിത്.

അന്നും ഇന്നും കുട്ടനാട്ടിലെ സ്റ്റാറ്റസ് സിംമ്പല്‍ സ്വന്തമായി ഒരു ബോട്ട് ഉണ്ടാവുക എന്നതാണ്. എന്തോ.. വേലുമുതലാളി ഈ സത്യം മനസ്സിലാക്കിയത് അല്പം വൈകിയാണ്. നാലുകണ്ടത്തില്‍ തോമാച്ചന്‍ മുതലാളി, കൈനകരി മത്തായി മുതലാളി തുടങ്ങി സമീപസ്ഥരും സമകാലീനരും ആയ എല്ലാവര്‍ക്കും ബോട്ടുണ്ട്. അവരെക്കെ കൃസ്ത്യാനികള്‍ ആയതിനാല്‍ ആവും ബോട്ടുകള്‍ക്ക് യഥാക്രമം സെന്റ്.തോമസ്, സെന്റ്.മേരി എന്നൊക്കെ പേരിട്ടത്( മത്തായി മുതലാളിയുടെ ഭാര്യയാണ് മേരി).

അങ്ങനെ കൊല്ലവര്‍ഷം 1124 ധനു 12 നു വേലു മുതലാളിയും വാങ്ങി ഒന്നാന്തരം ഒരു ബോട്ട്. അതിന്റെ നെടുംപുറത്ത് കേറി വേലു മുതലാളി വേമ്പനാട്ട് കായലിലൂടെ തെക്ക് വടക്ക് നടന്നു. പക്ഷേ സംഭവം അവിടം കൊണ്ടും അവസാനിച്ചില്ല. ബോട്ടിന് ഒരു പേര് വേണമല്ലോ… മുതലാളിയും പണിക്കാരും കൊണ്ടുപിടിച്ച ആലോചനയില്‍ മുഴുകി. വേലായുധന്‍, വേലു, വേലുമുതലാളി തുടങ്ങി പല പേരുകളും പരിഗണയില്‍ വന്നു. പക്ഷെ മുതലാളിയ്ക്ക് അതൊന്നും അത്ര ബോധിച്ചില്ല. വെറും വേലു എന്നായാല്‍ അതിനൊരു ബഹുമാനക്കമ്മി. ഇനി വേലുമുതലാളി എന്നായാലോ അതിത്തി നീണ്ടും പേയി. ഇതിനിടയില്‍ ഏതാണ്ട് രണ്ടാഴ്ചയോളം ബോട്ട് പേരില്ലാതെ ഓടി. ആളുകള്‍ ചോദിച്ചും തുടങ്ങി എന്താ മുതലാളീ ബോട്ടിന് പേരിടുന്നില്ലേ എന്ന്.

പാടത്ത് കൊയ്ത്ത് നടക്കുമ്പോളാണ് മുതലാളിക്ക് പേരു കിട്ടിയത്. ഉടന്‍ തന്നെ പെയിന്റര്‍ കുമാരനെ വരുത്തി ബോട്ടിന്റെ വെളുത്ത പള്ളയില്‍ കറുത്ത ചായം കൊണ്ട് ഇപ്രകാരം എഴുതപ്പെട്ടു.

St. VELU

അങ്ങനെ സെന്റ്.മേരി, സെന്റ്.തോമസ് തുടങ്ങി അനേകം വിശുദ്ധയാനങ്ങള്‍ക്കിടയില്‍ ഒരു വിശുദ്ധന്‍ കൂടി. സെന്റ്.വേലു.

കാലമേറെക്കഴിഞ്ഞിട്ടും പലതും, വേലുമുതലാളി വരെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും സെന്റ്.വേലു കായല്‍പ്പരപ്പിലൂടെ ഇന്നും യാത്ര തുടരുന്നു.

Thursday, August 26, 2010

ആത്മഹത്യാക്കുറിപ്പ്‌

ആളുകളെ നമുക്ക് മൂന്നായി തിരിക്കാം. വിജയകരമായി ആത്മഹത്യ ചെയ്തവര്‍ , ആത്മഹത്യ ചെയ്ത് പരാജയപ്പെട്ടവര്‍, ഇതുവരെ അതിനു അവസരം ലഭിക്കാത്തവര്‍. അതെന്തുമാവട്ടെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാത്തവര്‍ വളരെ കുറവായിരിക്കും അല്ലെങ്കില്‍ ആരുംതന്നെയുണ്ടാവില്ല.

ഇതൊരു സംഭവ കഥയാണ്. ഈ എളിയ ജീവിതചക്രത്തല്‍ സംഭവിച്ച ഒരു കഥ. അതിനെ ആവുന്നത്ര വളച്ചൊടിച്ച് ഇപ്രകാരമാക്കിയിരിക്കുന്നു. മേല്‍ വിവരിച്ച പോലെയുള്ള ഒരു ആത്മഹത്യാ പ്രവണത ഒരിക്കല്‍ എന്നെയും ഗ്രസിച്ചിട്ടുണ്ട്. കൃത്യമായിപ്പറഞ്ഞാല്‍ ഞാന്‍ എട്ടാം ക്ലാസില്‍ പഠുക്കുമ്പോള്‍. പ്രേരണയുടെ പശ്ചാത്തലത്തെക്കുറിച്ചു പറയുകയാണെങ്കില്‍ അതിപ്രകാരമാണ്. ഏഴാം ക്ലാസുവരെ ഞാന്‍ അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു, അല്ലെങ്കില്‍ പഠനത്തില്‍ മാത്രമേ എനിക്ക് ശ്രദ്ധ പതിപ്പിയ്ക്കാന്‍ കഴിഞ്ഞിരുന്നുള്ളു. ഈ ഒരൊറ്റ കാരണം കൊണ്ട് എനിക്ക് അത്യാവശ്യം മാര്‍ക്ക് കിട്ടുകയും തദ്വാരാ ഞാന്‍ ഒരു 'പഠിപ്പിസ്റ്റ്' ആയി അറിയപ്പെടാനും ഇടയായി.

ഈ അവസരത്തിലാണ് ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി പുതിയ സ്‌കൂളിലേക്ക്എത്തുന്നത്. അവിടുത്തെ നല്ല അന്തരീക്ഷവും കൂട്ടുകാരും എന്നെ വളരെയധികം സ്വാധീനിച്ചു. അതുവഴി എനിക്ക് പഠപുസ്തകങ്ങള്‍ക്ക് അപ്പുറമുള്ള വിശാലമായ ലോകത്തെക്കുറിച്ച് അറിയാനും പഠിക്കാനും ഒക്കെ കഴിഞ്ഞു. പക്ഷെ അതൊന്നും പരീക്ഷക്ക് ചോദിക്കാഞ്ഞതിനാല്‍ എനിക്ക് പഴയപോലെ മാര്‍ക്കൊന്നും കിട്ടിയില്ല. കുറേ കാലമായി എന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ സ്ഥാനങ്ങള്‍ പുതുമഖങ്ങള്‍ കയ്യേറി. എന്റെ സ്ഥാന'മാന'ങ്ങള്‍ എല്ലാം വെള്ളത്തിലായി. ഒരുമാതിരി പിരിഞ്ഞുവന്ന പട്ടാളക്കാരന് ക്വാട്ട കിട്ടാത്ത അവസ്ഥ. തീര്‍ത്തും 'സഹതപനീയം'. കാര്യങ്ങള്‍ ഇപ്രകാരം പൊയ്‌ക്കൊണ്ടിരിക്കെ പതിവു പോലെ ക്രിസ്തുസ് പരീക്ഷയെത്തി. സാമാന്യം നന്നായി കളിക്കാനുണ്ടായിരുന്നതിനാല്‍ കാര്യമായി പഠിക്കാന്‍ കഴിഞ്ഞില്ല. പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ ഉറപ്പിച്ചു... ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു.

അക്കാലത്ത് ഞന്‍ വിക്‌ടോറിയ ടൂട്ടോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥി കൂടിയായിരുന്നു. സ്‌കൂളിലെ പരീക്ഷയുടെ കൂടെത്തന്നെ ടൂട്ടോറിയലിലും പരീക്ഷയുണ്ടാവും, അതൊരുതരം അഗ്നിപരീക്ഷയാണ്. ചിലപ്പോള്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പേപ്പര്‍ നോക്കി അടി തരും. ഇതൊക്കെ കഴിഞ്ഞ് പേപ്പര്‍ തരല്‍ എന്നൊരു പ്രാചീന ആചാരവുമുണ്ടാവും, ഒരു തരം ഗരുഡന്‍ തൂക്കം.

അങ്ങനെ ആ ക്രിസ്തുമസ് അവധി കഴിഞ്ഞ് ഞങ്ങള്‍ സ്‌കുളിലെത്തി, ടൂട്ടോറിയലിലും. സ്‌കുള്‍ തുറന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ മിക്ക ഉത്തരക്കടലാസുകളും രക്തഹാരങ്ങളോടെ തിരികെ കിട്ടി, ഹിന്ദി ഒഴികെ. ടൂട്ടോറിയലില്‍ ഹിന്ദി പഠിപ്പിക്കുന്നത് സാക്ഷാല്‍ സുഭാഷ്ചന്ദ്രന്‍ സാറാണ്, അതിക്രൂരന്‍... തന്നെയുമല്ല സാര്‍ ഒരാള്‍ക്കും 25 ന് മുകളില്‍ മാര്‍ക്ക് നല്‍കാറില്ല. ഹിന്ദിക്കെങ്ങാനും തോറ്റാല്‍.. തീര്‍ന്നു കഥ...സാര്‍ നിര്‍ത്തിപ്പൊരിച്ചതുതന്നെ.

ഉത്തരപേപ്പറുകള്‍ ഒന്നൊന്നായി കിട്ടിക്കൊണ്ടിരുന്നു. കിട്ടിയ പേപ്പറുകള്‍ക്കൊക്കെ 'ഒഹരി വിപണി' പോലെ കനത്ത ഇടിവ്. അങ്ങനെയിരിക്കെയാണ് എന്നെ പരാജയഭീതി വേട്ടയാടാന്‍ തുടങ്ങിയത്. ഭീതിയെന്നാല്‍ ചില്ലറ ഭീതിയൊന്നുമല്ല.. വന്‍ ഭീതി. ഹിന്ദിക്ക് എങ്ങാനും തോറ്റാല്‍ എന്റെ ജീവിതത്തിലെ ആദ്യ തോല്‍വി ആയിരിക്കും അത്. എന്റെ പിഞ്ചുമനസ് ആകെ തകര്‍ന്നു. ജനിക്കേണ്ടിയിരുന്നില്ല എന്നുവരെ തോന്നി.

ഈ അവസരത്തിലാണ് ആ 'മഹത്തായ' ആശയം എന്റെ മനസില്‍ ഉരുത്തിരിഞ്ഞത്. ഏതായാലും ജനിച്ചു പോയി ഇനി ചെയ്യാന്‍ പറ്റുക മരിക്കുക മാത്രമാണ്. ആത്മഹത്യ ചെയ്താലോ ?

അതുകൊണ്ട് ചില പ്രയോജനങ്ങള്‍ കൂടിയുണ്ട്

ഒന്ന്: ഒരു ദയനീയ പരാജയത്തെ നേരിടേണ്ടിവരില്ല.
പരാജയത്തെക്കാള്‍ നല്ലത് മരണമാണ് എന്നാണല്ലോ ധീരദേശാഭിമാനികള്‍ പറഞ്ഞിട്ടുള്ളത്, അവര്‍ക്ക് സ്തുതി.

രണ്ട്: പെട്ടെന്ന് കൈവരാവുന്ന ജനശ്രദ്ധ. പത്രങ്ങളില്‍ പടം വരും (ചാനലുകള്‍ സജീവമല്ല), നാട്ടുകാര്‍ കുറേക്കാലമെങ്കിലും പറഞ്ഞു നടക്കും.

മൂന്ന്: പ്രത്യേകിച്ചൊന്നുമില്ല, മേല്‍പ്പറഞ്ഞൊതൊക്കെത്തന്നെ.

ടൂട്ടോറിയലില്‍ നിന്നും വീട്ടിലേക്കുള്ള 15 മിനിട്ട് സൈക്കിള്‍ യാത്രയിലാണ് നിര്‍ണ്ണായകമായ ഈ തീരുമാനങ്ങളെടുത്തത്. ഇനിയത്തെ പ്രശ്‌നം എങ്ങനെ സംഗതി നടപ്പില്‍ വരുത്തും എന്നതാണ്. പരമ്പരാഗതമായ ഏതാണ്ട് എല്ലാ രീതികളേയും കുറിച്ച് ഞാന്‍ ആലോചിച്ചു. അവ താഴെ അക്കമിട്ടു നിരത്തുന്നു.

1.കയര്‍

കേരളത്തിന് ധാരാളം വിദേശ നാണ്യം നേടിത്തരുന്ന ഒരു വിഭവമാണല്ലോ കയര്‍. പ്രസ്തുത കയര്‍ ഉപയോഗിച്ചുള്ള മരണം അതെന്തുകൊണ്ടും നല്ലതാണ്. പക്ഷെ അതിനോട് എനിക്ക് അത്ര താല്‍പര്യം തോന്നിയില്ല. ഒരുമാതിരി പഴക്കുല തൂക്കിയിട്ടതുപോലെ തൂങ്ങിക്കിടക്കാന്‍ എന്തോ ഒരു ബുദ്ധിമുട്ട്, വേണ്ട അതുപേക്ഷിച്ചു.
2.ജലസമാധി

ആഹാ.., പറയാന്‍ തന്നെ എന്താ ഒരു ഇത്.. ജലസമാധി സൂപ്പര്‍. എന്റെ വീട് കായല്‍ക്കരയിലായത്‌കൊണ്ട് സംഗതി എളുപ്പമാണ്. പക്ഷെ കുട്ടിക്കാലം തൊട്ടേ നന്നായി നീന്താന്‍ അറിയാം എന്നത് അവിടെ ഒരു പ്രശ്‌നമായി, മുങ്ങി ശ്വാസം കിട്ടാതാവുമ്പോള്‍ നീന്തിക്കയറണ്ടിവരും. വേണ്ട ചില സാങ്കേതിക കാരണങ്ങളാല്‍ അതുപേക്ഷിച്ചു.

3.വൈദ്യുതാഘാതം

സംഗതി ഇത്തിരി സാങ്കേതികമാണ്. പക്ഷെ ഇന്നലെ തെങ്ങ് വീണ് പോസ്റ്റൊടിഞ്ഞത് ഇതുവരെ നന്നാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ കറണ്ടുമില്ല, ഇനിയൊട്ടുവരുമെന്നു തോന്നുന്നുമില്ല. അങ്ങനെ അതും തീര്‍ന്നു.

4.വാഹനാപകടം

ഇവിടെയുമുണ്ട് ചെറിയൊരു പ്രശ്‌നം. വീട്ടില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ എങ്കിലും പോണം ഒരു ഓട്ടോറിക്ഷ എങ്കിലും കാണാന്‍. പിന്നെ ആകെ കിട്ടാനുള്ളത് സൈക്കിള്‍ മാത്രമാണ്. അതിടിച്ചാല്‍ പെയിന്റ് പോവുമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.

5.ട്രയിനിനു തലവയ്ക്കല്‍
അന്ന് ഞാന്‍ ട്രയിന്‍ കണ്ടിട്ടുകൂടി ഉണ്ടായിരുന്നില്ല. ട്രയിനും റയില്‍ പാളവും എനിക്ക് കേട്ടറിവു മാത്രമായിരുന്നതിനാല്‍ അതെവിടെ കിട്ടുമെന്ന് എനിക്കറിയില്ലായിരുന്നു.

കൈത്തണ്ട മുറിക്കല്‍, തെങ്ങില്‍ കയറി കൈവിടല്‍, കൊക്കയിലേക്ക് ചാടല്‍ എന്നീ മാര്‍ഗ്ഗങ്ങളെ കുറിച്ചും ഞാന്‍ ആലോചിക്കാതിരുന്നില്ല. പക്ഷെ അവിടെയും ചില പ്രശ്‌നങ്ങള്‍ രക്തം കണ്ടാല്‍ തലകറങ്ങാന്‍ സാദ്ധ്യത ഉള്ളതിനാല്‍ അതു വേണ്ടാന്നു വച്ചു. തെങ്ങില്‍ കയറാന്‍ അറിയാത്തതിനാല്‍ അതില്‍ കയറി കൈവിടാന്‍ കഴിഞ്ഞില്ല. നല്ലൊരു ഐഡിയ ആയിരുന്നു. കൊക്കയിലേക്ക് ചാടല്‍ താരതമ്യേന എളുപ്പമാണ് അതിന് ഒരു മലയും കൊക്കയും മാത്രം മതി. പക്ഷെ അതിനി സ്‌കൂളീന്ന് ടൂര്‍ പോവുമ്പോഴെ പറ്റു, അല്ലാതെ ആലപ്പുഴയില്‍ നിലവില്‍ മലകളൊന്നുമില്ല.

വിഷം കഴിച്ചാലോ… പെട്ടെന്നുവന്ന ആശയമാണ്. സംഭവം കൊള്ളാം… ഉറപ്പിച്ചു. ഇതാകുമ്പോള്‍ കുറച്ചുകൂടി സൗകര്യവുമാണ്. ഇഷ്ടമുള്ളിടത്ത് കിടന്ന് മരിക്കാം.

ഇനിയെത്തെ വിഷയം വിഷം എങ്ങനെ കിട്ടും എന്നതാണ്. പൊട്ടാസ്യം സൈനഡ്, പരാമര്‍, ടിക് ട്വന്റി തുടങ്ങിയവയെ കുറിച്ച് എനിക്ക് അന്ന് കേട്ടറിവ് പോലും ഉണ്ടായിരുന്നില്ല. പിന്നെ ആകെ കിട്ടാവുന്നത് DDT, ഉറുമ്പ് പൊടി, ഒതളങ്ങ(ഞങ്ങളുടെ നാട്ടില്‍ ഇതിന് ഈ പേരാണ് പറയുക., ശാസ്ത്രീയനാമം അറിയില്ല. പച്ചനിറത്തിലുള്ള മാങ്ങയോളം വലിപ്പമുള്ള ഒരു കായാണിത്. സാധരണയായി തോടിന്റെ കരകളില്‍ കാണാറുണ്ട്. ഉണങ്ങിയ ഒതളങ്ങ കൊണ്ട് ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. കിട്ടാന്‍ എളുപ്പമാണ് പക്ഷെ ഇതിന്റെ ഉപയോഗക്രമം അത്ര പിടുത്തമില്ല. തന്നെയുമല്ല ഒതളങ്ങ കഴിച്ചു മരിച്ചു എന്നറിയപ്പെടാന്‍ എനിക്കത്ര താല്‍പര്യം തോന്നിയില്ല.)

ഇനി ആകെ ഉള്ളത് DDT, ഉറുമ്പ് പൊടി ഇത്യാദി വസ്തുക്കളാണ്. അവക്കായി തെരച്ചില്‍ ആരംഭിച്ചു. നീണ്ട തെരച്ചിലിനൊടുവില്‍ കിട്ടിയത് ഒരു പായ്ക്കറ്റ് ഉറുമ്പുപൊടി മാത്രമാണ്, അതും പൊട്ടിച്ച് പകുതി എടുത്തത്. അതെങ്കില്‍ അത്… ആവശ്യം എന്റേതായി പോയില്ലേ..

ഇപ്പോള്‍ സമയം 4.05, ഉറുമ്പ് പൊടിയുമായി ഞാന്‍ അടുക്കളവാതിലില്‍ എത്തി. ഒന്നു പറഞ്ഞോട്ടെ ഈ സമയത്ത് ഞനൊഴികെ മറ്റാരും വീട്ടിലില്ല. ആരെങ്കിലും എത്താന്‍ ഏകദേശം അഞ്ചുമണി എങ്കിലും ആകും. അതിനു മുന്‍പ് സംഗതി നടത്തണം.
ഉറുമ്പുപൊടി മുന്നില്‍ വച്ച് ഞാന്‍ ചമ്രംപിടഞ്ഞിരുന്നു. മനസ്സില്‍ ഓര്‍മ്മകളുടെ സ്ലൈഡ് ഷോ തുടങ്ങി.. മനസ്സില്‍ അനിവാര്യവും ആസന്നവുമായ മരണവും നിതാന്തവും അനുപേക്ഷണീയവുമായ ജീവിതവുമായുള്ള മല്‍പ്പിടുത്തം.

ഇപ്രകാരം മനസില്‍ ഓര്‍മ്മകളുടെ വേലിയേറ്റം നടന്നുകൊണ്ടരിക്കുമ്പോള്‍ ആണ് എനിക്ക് വിശക്കാന്‍ തുടങ്ങിയത്. ഒന്നു ആലോചിച്ചപ്പോള്‍ തോന്നി അവസാന അത്താഴം അല്ലേ കഴിച്ചേക്കാം. ഉറുമ്പുപൊടിയെ തല്‍ക്കാലം അവിടെ ഉപേക്ഷിച്ചിട്ട് ഞാന്‍ കഴിക്കാനായി പോയി. അടുക്കളയില്‍ എത്തി, പക്ഷേ കഴിക്കണോ വേണ്ടായോ എന്നുള്ള ഭയങ്കര കണ്‍ഫ്യൂഷന്‍. വെറുതേ, അവിടെ ഇരുന്ന മണ്‍ചട്ടിയുടെ മൂടി തുറന്നു നോക്കി. മീന്‍കറിയാണ്, ഞാന്‍ ഇന്നലെ ചൂണ്ടയിട്ടു പിടിച്ച പരല്‍മീനുകളില്‍ ചിലരാണ് എന്റെ അന്ത്യത്താഴത്തിനായി ഒരുങ്ങികിടക്കുന്നത്. കറുത്ത മണ്‍ചട്ടിയില്‍ ചോരചെമപ്പുള്ള ചാറില്‍ വെളുത്ത പരല്‍മീനുകള്‍, ചെങ്കടലില്‍ നീന്തുന്ന സായിപ്പിനെപ്പോലെ.

മൂടിതുറന്നതും കുട്ടത്തിലെ വലിയ ഒരു പ്രമാണി മീന്‍ എന്റെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചു. വെട്ടി ഒരുക്കിയതെങ്കിലും ആ മാന്യദ്ദേഹത്തിന് കാര്യമായ ഉടവുകള്‍ ഒന്നും സംഭവിച്ചിരുന്നില്ല. മാത്രമല്ല അഃിന്റെ കണ്ണുകള്‍ ആദ്യമായി കപ്പല്‍ കണ്ട മാതിരി പുറത്തേക്ക് തള്ളിനിന്നിരുന്നു. തുടര്‍ന്ന് ആ പരല്‍ പ്രമാണി ഇപ്രകാരം പറയുന്നതായി എനിക്ക് തോന്നി. “ ഡാ മോനേ.. എന്തൂട്ട് പണിയാടാ നീ കാണിച്ചേ.. നീ ഇന്നു ചാകാനാരുന്നു എങ്കില്‍ എന്തിനാടാ നീ ഞങ്ങളെ പിടിച്ചെ.. ഒരുമാതിരി എട്ടിന്റെ പണിയായിപോയി..” ഇത് എനിക്ക് വലിയ വിഷമം ആയിപ്പോയി. കഷ്ടം, പാവങ്ങള്‍ ജീവിച്ചേനെ. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ഏതായാലും പിടിച്ചില്ലേ ഇനി കഴിച്ചേക്കാം.

അങ്ങനെ ഞന്‍ അവസാന അത്താഴം പാത്രത്തില്‍ വിളമ്പി. ചോറിനു മുകളില്‍ ചാറൊഴിച്ചു. ഏറ്റവും മുകളില്‍ നമ്മുടെ പ്രമാണിയെ യാഥാവിധി പ്രതിഷഠിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി, കണ്ണുനീര്‍ത്തുള്ളികള്‍ പാത്രത്തിലേക്ക് ഇറ്റുവീണുകൊണ്ടിരുന്നു. മീന്‍കറിക്കൊപ്പം കുറേ അവിയലും എടുത്തു.
(ഈ അവിയലും മീന്‍കറിയും എന്നാ കോമ്പിനേഷന്‍ ആണെന്നറിയാമോ.. അവിയലിന്റെ മുകളിലേക്ക് ഈ മീന്‍കറി 'ങ്ങനെ' ശ്ശറ ശ്ശറോന്ന് ഒഴിക്കണം. എന്നിട്ട്, ങ്ങനെ കുഴച്ച് 'ഗ്ലം' ന്നൊരു പിടി. ശിവനേ..)

കണ്ണു നിറഞ്ഞു കാഴ്ചകള്‍ മങ്ങി.. ഇതിനിടയില്‍ പാത്രം രണ്ടു മൂന്നു തവണ ഒഴിഞ്ഞുനിറഞ്ഞു. ഒടുവില്‍ ഞാന്‍ സുല്ലിട്ടു.

സമയം 4.20, അന്ത്യ സമയം അടുത്തു. ഞാന്‍ വീണ്ടും ഉറുമ്പുപൊടിയുടെ അടുത്തെത്തി. ദോണ്ടെ.. പിന്നെയും ഓര്‍മ്മകളുടെ സ്ലൈഡ് ഷോ.. ഒന്നു കണ്ടതുകൊണ്ടാവാം പിന്നെയും കാണാന്‍ തോന്നിയില്ല... ഉറക്കം വന്നു. ഉറക്കം എന്നാല്‍ ചില്ലറ ഉറക്കമൊന്നുമില്ല, ഒരു രക്ഷയുമില്ല. ആകെ പ്രശ്‌നമായി. എനിക്കാണെങ്കില്‍ ആത്മഹത്യ ചെയ്യുകയും വേണം.
ഒടുവില്‍ തീരുമാനിച്ചു.. ഒരു 10 മിനിട്ട് ഉറങ്ങിക്കളയാം. ഇനി ഉറങ്ങാന്‍ പറ്റില്ലല്ലോ.. പദ്ധതി ഒന്നുകൂടി മനസില്‍ ഉറപ്പിച്ചു. അലാറം വയ്ക്കുന്നു,.. 4.30 നു എഴുന്നേല്‍ക്കുന്നു,.. ഉറുമ്പുപൊടി കഴിക്കുന്നു,.. 4.45-4.50 ആകുമ്പോള്‍ മരിയ്ക്കുന്നു..

അലാറം വച്ചിട്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു. വീണ്ടും സ്ലൈഡ് ഷോ തുടങ്ങുന്നതിനു മുന്‍പായിതന്നെ ഞാന്‍ ഉറങ്ങിപോയി. കൃത്യം 4.30 നു തന്നെ അലാറം അടിച്ചു.. അഞ്ചു മിനിട്ടുകൂടി ഉറങ്ങിയേക്കാം.. അലാറം 4.35 നു ആക്കി, വീണ്ടും ഉറങ്ങി. വീണ്ടും അലാറം അടിച്ചു, 4.40 ആക്കി. വീണ്ടും ഉറങ്ങി. 4.40 ആയപ്പോള്‍ ദോണ്ടെ അത് പിന്നേയും അടിച്ചു. ഞെട്ടിപ്പോയി, അതെടുത്ത് ഓറ്റ ഏറ് കൊടുത്തു. അത് പിന്നെ അടിച്ചില്ല. ആ ഏറില്‍ ബാറ്ററി പള്ള തുറന്ന് പുറത്ത് ചാടിയിരുന്നു.

മീന്‍ വറുക്കുന്നതിന്റെ ഹൃദ്യമായ സുഗന്ധമാണ് പിന്നീട് എന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. ഉണരുമ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു. തുടര്‍ന്ന് ഞാന്‍ അടുക്കളയില്‍ എത്തി. അവിടെ വറചട്ടിയില്‍ പരല്‍ മീനുകള്‍ 'ങ്ങ'നെ കിടന്നു പുളയുകയാണ്. അവനെ ങ്ങ നെ എടുത്തിട്ടുണ്ടല്ലോ.. ങ്ങ നെ പിച്ചി കരുമുരാന്നു കടിച്ചു തിന്നണം……

തുടര്‍ന്ന് അടുക്കളവാതിലില്‍ എത്തിയപ്പോള്‍ മാത്രമാണ് ഞാന്‍ ആത്മഹത്യയെക്കുറിച്ച് ഓര്‍ക്കുന്നത്. ശ്ശെടാ.. ഇനിപ്പൊ എന്താ ചെയ്ക... വാതില്‍പടിയില്‍ ഇരുന്നു ഞാന്‍ ആലോചന തുടങ്ങി.. ഇതിനിടയില്‍ ഉറുമ്പുപൊടി കഴിക്കുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചു എങ്കിലും മീന്‍ വറുക്കുന്നു എന്ന വിചാരം അതില്‍ നിന്നും പിന്തിരിപ്പിച്ചു. വീണ്ടും മല്‍പ്പിടുത്തം തുടങ്ങി, ഇത്തവണ ഉറുമ്പുപൊടിയും വറുത്തമീനും തമ്മില്‍.
ഒടുവില്‍ ആ തീരുമാനത്തിലെത്തി, ഓ.. അല്ലേ വേണ്ട മരിക്കെണ്ട. പിന്നെ മീനെ തിന്നാന്‍ പറ്റില്ലല്ലോ.. അപ്പോള്‍ തന്നെ രണ്ട് വറുത്ത മീനെ തിന്ന് ഞന്‍ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു.

പിന്നേ… ഒരു പീക്കിരി പരീക്ഷയ്ക്ക് തോറ്റു എന്നു കരുതി എന്റെ പട്ടി ചെയ്യും ആത്മഹത്യ…