Thursday, October 28, 2010

പഞ്ചായത്ത് തെരഞ്ഞെടുപ്പ്

ഓണവും വിഷുവും പോലെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം കൂടി. മനസ്സില്‍ പഴയ പെട്രോള്‍ മാക്‌സുകളുടെ വെളിച്ചം പരക്കുന്നു, ചുവരെഴുത്തുകളുടെ പച്ചയും നീലയും ചെമപ്പും, മുദ്രാവാക്യങ്ങളുടെ അലയൊലികള്‍, ഷണ്‍മുഖാ സൗണ്ട്‌സിന്റെ ചളുങ്ങിയ ലൗഡ്‌സ്പീക്കറില്‍ നിന്നുള്ള ചിതറിയ ഒച്ച… അങ്ങനെ ഒരിക്കലും തിരിച്ചുകിട്ടാത്ത ചില ഓര്‍മ്മകള്‍…

പഴയ ചുവരെഴുത്തുകള്‍ക്ക് പകരം ബഹുവര്‍ണ്ണ പോസ്റ്ററുകളും ഫ്‌ളക്‌സും. തട്ടുപൊളിപ്പന്‍ പാരഡി ഗാനങ്ങള്‍. അണികളില്ല പകരം അഞ്ഞൂറ് രൂപയ്ക്കും ബിരിയാണിയ്ക്കും പണിചെയ്യുന്ന കൂലിക്കാര്‍. കാര്യം എന്തായാലും തെരഞ്ഞെടുപ്പിന് ഇപ്പോഴും അതിന്റേതായ ഒരു ജീവനുണ്ട്.

ഒരു തെരഞ്ഞെടുപ്പിന്റെ മുഴവന്‍ വീര്യവും കാണാന്‍ കഴിയുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനാണ്. ഇവിടെ രാഷ്ട്രീയത്തിലുപരി വ്യക്തികള്‍ക്കും തദ്ദേശീയമായ താല്പര്യങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം. അയല്‍ വഴക്കു മുതല്‍ അമ്മായിയമ്മപ്പോരു വരെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്. ചില വാര്‍ഡുകളിലാണെങ്കില്‍ വര്‍ഷങ്ങളായി ഒരേ വ്യക്തി തന്നെയാവും മെമ്പര്‍. മറ്റുള്ളവര്‍ ഇനി എന്തോ കാണിച്ചാലും രക്ഷയില്ല. സംവരണ വാര്‍ഡുകളിലാണ് “ഫുള്‍ കോമഡി” അരങ്ങേറുക, വനിതാ സീറ്റുകളിലേക്ക് ഒരു പരിചയവും ഇല്ലാത്ത, നാലുപേരെ ഒന്നിച്ചു കാണുന്നത് പോലും പേടിയായ പാവം വീട്ടമ്മമാരെ അങ്ങ് നിര്‍ത്തും. പിന്നെ ഒരഞ്ചുവര്‍ഷം ആ വാര്‍ഡുകാര്‍ സഹിച്ചോളണം.( നന്നായി ഭരിക്കാന്‍ അിറയുന്ന വനിതാ മെമ്പര്‍മാരും ഉണ്ട്, പക്ഷേ എണ്ണത്തില്‍ കുറവാണ്. ഇനി ഉണ്ടെങ്കിലും അവര്‍ക്കൊട്ട് സീറ്റും കൊടുക്കില്ല.)

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒഴിവാക്കാനാവാത്ത ഒരു പ്രതിഭാസമാണ് റിബലുകള്‍. ചിലരുണ്ടല്ലോ മെമ്പറാകാന്‍ വേണ്ടി കുപ്പായമൊക്കെ നേരത്തേതന്നെ അങ്ങ് തയ്പ്പിയ്ക്കും, പക്ഷേ പാര്‍ട്ടിയൊട്ട് സീറ്റു കൊടുക്കുകയുമില്ല. പിന്നെ റിബലാവാതെ വേറേ മാര്‍ഗ്ഗമില്ല.
കാശ്, കുപ്പി എന്നീ രണ്ട് 'ക' കള്‍ക്ക് ഇവിടെ വലിയ സ്ഥാനമുണ്ട്(എന്ത് തെരഞ്ഞെടുപ്പ്, ഈ രണ്ട് ഐറ്റം കൊടുത്താല്‍ സ്വന്തം അച്ഛനെ തല്ലാന്‍ വരെ അളുണ്ടാവും). തെരഞ്ഞെടുപ്പിന്റെ തലേ രാത്രി പൊതുവേ ആര്‍ക്കും ഉറക്കം ഉണ്ടാവില്ല. മുട്ടാവുന്ന എല്ലാ വാതിലുകളിലും മുട്ടി, നീട്ടുന്ന എല്ലാ കൈകളിലും കാശിട്ടുകൊടുക്കും. ഈ കാശുവാങ്ങുന്നവരെല്ലാം വോട്ടുചെയ്യുമെന്ന് യാതൊരു ഉറപ്പുമില്ല.

തെരഞ്ഞെടുപ്പ് ദിവസമാണ് നാടകീയമായ പലതും നടക്കുക. സമ്മതിദായകരെ പോളിങ്ങ് ബൂത്തിലെത്തിക്കലാണ് ആദ്യ ഐറ്റം. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായും, പ്രായമായവരെ കട്ടിലിലും കസേരയിലും ഒക്കെ ചുമന്ന് ബൂത്തിലെത്തിയ്ക്കും(എത്തിയ്ക്കാനുള്ള ഉത്സാഹം പലപ്പോവും തിരിച്ചുകൊണ്ടുപോവുന്നതില്‍ കാണാറില്ല). പണ്ടൊക്കെ ആണെങ്കില്‍ നേരത്തേ കാലത്തേ ചെന്ന് വോട്ട് ചെയ്തില്ലെങ്കില്‍ വേറെ ആണ്‍ പിള്ളേര്‍ അതങ്ങ് ചെയ്യും. അണിഞ്ഞൊരുങ്ങി ചെന്നിട്ട് ചുമ്മാ തിരിച്ചിങ്ങ് പോരേണ്ടിവരും. ബൂത്ത് പിടുത്തം പോലെയുള്ള പ്രാചീനകലാരൂപങ്ങള്‍ ഇപ്പോള്‍ അങ്ങനെ കാണാറില്ല. തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറയുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗമാണ് ബൂത്ത് ഏജന്റുമാര്‍. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറേക്കാള്‍ ജാഡയിലായിരിയ്ക്കും ഇക്കൂട്ടര്‍. പലപ്പോഴും ഇവര്‍ പോളിഗ് ഉദ്യോഗസ്ഥരെക്കൊണ്ട് “ക്ഷ, മ്മ, ല്ല, ഗ്ഗ” ഇവ വരയ്പ്പിയ്ക്കും.

വോട്ടെണ്ണല്‍ കഴിയുമ്പോളാണ് അടുത്ത അങ്കം തുടങ്ങുക. വിജയാഹ്ലാദം പാട്ടായും കൂട്ടത്തല്ലായും ഒക്കെ പുറത്തുവരും. ഏറ്റവും ശ്രദ്ദേയമായ ഒന്ന് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ അണികള്‍ പാടുന്ന പാട്ടുകളാണ്. അത്തരത്തില്‍ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ചില പട്ടുകളുണ്ട്..
1. പെട്ടീ...പെട്ടീ... ശിങ്കാര പെട്ടീ…
പെട്ടിതുറന്നപ്പോള്‍ ……………(തോറ്റ സ്ഥനാര്‍ത്ഥിയുടെ പേര്) പൊട്ടീ….


2. ആരാ… ആരാ… കരയുന്നേ…
ഞാനാ… ഞാനാ.. …………(തോറ്റ സ്ഥനാര്‍ത്ഥിയുടെ പേര്)
എന്താ… എന്താ… കരയുന്നേ…
…………(ജയിച്ച സ്ഥാനാര്‍ത്ഥിയുടെ പേര്) എന്നെ പോട്ടിച്ചേ…

ഇങ്ങനെ പോകുന്നു അവ. ഇവയെക്കൂടാതെ രാഷ്രീയമായതോ, വ്യക്തിപരമായതോ ആയ പലതും ഇത്തരം പാട്ടുകളില്‍ വന്നേക്കാം.

ഏറ്റവും ഒടുവില്‍ എല്ലാം കഴിയുമ്പോള്‍ ആടിനും പശുവിനും തിന്നാനുള്ള കുറേ പോസ്റ്ററുകളും, നിറം മങ്ങിയ ചുവരെഴുത്തുകളും മാത്രം ബാക്കി…. പിന്നെയൊരു കാത്തിരിപ്പും, മറ്റൊരു തെരഞ്ഞെടുപ്പിന് വേണ്ടി…

Tuesday, October 26, 2010

ശ്രീ സുശീലചരിതം: ഒരു ഫ്ളാഷ്ബാക്ക്

ഞാനീപ്പറയുന്നത് സുശീലണ്ണനെക്കുറിച്ചാണ്. നാട്ടിലെ അനേകം അവിഭാജ്യഘടകങ്ങളില്‍ ഒന്നാണ് സുശീലണ്ണന്‍. ഇനി സുശീലണ്ണനെക്കുറിച്ചൊരാമുഖം…

പേര് : സുശീലന്‍
പ്രായം : ഒരു 30-35 കാണും
വിദ്യാഭ്യാസം : പത്താം ക്ലാസ് + ഗുസ്തി
തൊഴില്‍ : എന്തും ചെയ്യും.
ഹോബി : മദ്യപാനം മാത്രം
ഇപ്പോള്‍ വിവാഹിതന്‍ രണ്ടു കുട്ടികളുടെ പിതാവ്.

എന്റെ ഓര്‍മ്മകള്‍ പച്ചപിടിച്ചു തുടങ്ങുമ്പോഴേക്കും സുശീലണ്ണന്‍ അതില്‍ ഒരു പ്രധാന കഥാപാത്രം ആയിട്ടുണ്ടായിരുന്നു. നല്ല ഗതിക്കാണെങ്കില്‍ അന്യായ പരോപകാരിയും അല്ലെങ്കില്‍ അതുപോലെതന്നെ ഉപദ്രവകാരിയുമാണ് ടിയാന്‍. മൊത്തത്തില്‍ നോക്കിയാല്‍ ആള്‍ നല്ലവനാണ് എന്നുതന്നെ പറയാം.

പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുശീലണ്ണന്‍ നാട്ടില്‍ ലോക്കല്‍ തരികിടകളൊക്കെ കളിച്ച് നടക്കുന്ന കാലം. വിവാഹിതനല്ല. പ്രത്യകിച്ച് പറയത്തക്ക ഒരു തൊഴില്‍ ഇല്ലാത്തതുകൊണ്ട് ഇടക്കിടെ അല്‍പസ്വല്പം കൂലിത്തല്ലും ഗുണ്ടായിസവും ഒക്കെ ഉണ്ട്. ഇന്നത്തെപ്പോലെ മദ്യത്തെ പുള്ളി പൂര്‍ണ്ണമായും അടിമയാക്കിയിട്ടില്ല. ഇടയ്ക്കിടക്ക് വല്ലപ്പോഴും എന്നേ ഉള്ളു.

ഇടയ്ക്കിടക്ക് ചില അടിപിടി കേസുകളില്‍ പെട്ടു നന്നായി തല്ലുവാങ്ങി എങ്കിലും കുറച്ച് ഹീറോയിസം സുശീലണ്ണനെ തേടിയെത്തി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പൊയ്‌ക്കൊണ്ടിരിക്കെ പൊടുന്നനെയാണ് പറയത്തക്ക യാതൊരു കാരണവും ഇല്ലാതെതന്നെ സുശീലണ്ണന് അസാധാരണമായ ഒരു ഗുണ്ടാപരിവേഷം കിട്ടുന്നത്. പൊടുന്നനെ ഒരു ദിവസം മുതല്‍ നാട്ടിലെ സാമാന്യം വലിയ ഗുണ്ടയും തല്ലുകാരനുമായ കരടി ബിജുവും കൂട്ടരും സുശീലണ്ണനുമായി ചങ്ങാത്തത്തിലാകുന്നത് നാട്ടുകാര്‍ കണ്ടു. നാട്ടുകാര്‍ക്ക് എത്ര ആലോചിചിട്ടും ഇതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ല. നേരം പുലരുമ്പോള്‍ തന്നെ കരടിയും കൂട്ടരും എത്തും. എന്നിട്ട് സ്വതേ വൈകി ഉണരുന്ന സുശീലണ്ണനെ എഴുന്നേല്‍പിച്ച്, കുളിപ്പിച്ചൊരുക്കി കൊണ്ടുപോകും. വൈകിട്ട് പാട്ടും പാടി നിരവധി അനവധി കാലുകളില്‍ തിരികെ കൊണ്ടുവിടും.

ഇതൊക്കെ കണ്ട് ഞങ്ങള്‍ നാട്ടുകാര്‍ അത്ഭുതപരതന്ത്രരായി (അന്തംവിട്ട് കുന്തം വിഴുങ്ങി) നിന്നു. ആ കുന്തം ദഹിക്കാതിരുന്ന ആരോ നടത്തിയ പുനരന്വേഷണത്തിലാണ് ആ സത്യം വെളിപ്പെട്ടത്.

സുശീലണ്ണന്‍ വല്ലപ്പോഴും മദ്യപിക്കാന്‍ പോകുന്നത് കുറച്ച് അകലെയുള്ള ഷാപ്പിലാണ് (അക്കാലത്ത് സുശീലണ്ണനെ നാട്ടിലെ ലൈസെന്‍സുള്ള കുടിയനായി അംഗീകരിച്ചിട്ടില്ല). അവിടെ ആകുമ്പോള്‍ അധികം ആരും അിറയില്ലല്ലോ. സാധാരണയായി തലയില്‍ മുണ്ടിട്ട് പോവുക, സുശീലണ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ടിമ്മേ”ന്ന് രണ്ടെണ്ണം അടിക്കുക, തിരിച്ചു പോരുക, അതാണ് പതിവ്. അല്ലാതെ ഷാപ്പിലെ യാതൊരുവിധ “കിന്നാരത്തിനും” സുശീലണ്ണന്‍ നിക്കാറില്ല. ഏതെങ്കിലും ഒരു മൂലക്കിരിക്കുന്ന സുശീലണ്ണന്‍ ആരേയും, ആരും സുശീലണ്ണനേയും തിരിച്ചറിയാറില്ല.

ഒരു ദിവസം സുശീലണ്ണന്‍ ഷാപ്പിലിരുന്നു കള്ളുകുടിക്കുകയായിരുന്നു. ഇനി കഷ്ടിച്ച് ഒരു കാല്‍ കുപ്പി കൂടിയേ കാണൂ കുടിച്ചുതീരാന്‍. സുശീലണ്ണന്‍ ചെന്നപ്പോള്‍ ഷാപ്പില്‍ നല്ല തെരക്കാണ്, എല്ലാ ബഞ്ചുകളും ഫുള്‍. ഒരു മൂലയിലെ കുട്ടിബഞ്ചില്‍ മാത്രം ആരുമില്ല. ആര്‍ക്കും ശല്ല്യമാവേണ്ട എന്നുകരുതി സുശീലണ്ണന്‍ അതിലാണ് ഇരുന്നത്. ഷാപ്പില് പതിവ് പരിപാടികളായ സിനിമാറ്റിക് ഡാന്‍സും ഗാനമേളയും ഒക്കെ നടക്കുന്നു.
ഇതിനിടയില്‍ രണ്ടു മൂന്നുപേര്‍ ഷാപ്പില്‍ വന്നു കയറിയതോടെ എല്ലാവരും നിശബ്ദരായി. സ്‌കൂളില്‍ ഉച്ചക്കഞ്ഞി കുടിക്കുന്ന പോലെ എല്ലാവരും മര്യാദയ്ക്കിരുന്നു കുടിക്കാന്‍ തുടങ്ങി. എഴുന്നേല്ക്കാന്‍ കഴിവുണ്ടായിരുന്ന ചലര്‍ എഴുന്നേറ്റ വന്നവരെ തങ്ങളുടെ ആദരവറിയിച്ചു. വന്നവരില്‍ നേതാവെന്നു തോന്നിക്കുന്ന ആള്‍ സുശീലണ്ണന്‍ ഇരിക്കുന്ന ബഞ്ചിനടുത്തെത്തിനിന്നു. സുശീലണ്ണന്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഇരുന്നു മോന്തുകയാണ്. ആരോ വന്നതുകണ്ട സുശീലണ്ണന്‍ മോന്തുന്നതിനടയില്‍ തന്നെ ഒരരുകിലേക്ക് മാറി ഇരുന്നുകൊടുത്തു. പക്ഷേ എന്നിട്ടും ആഗതന്‍ നിന്നു പിറുപിറുക്കുകയാണ്.

ഷാപ്പിലെ മറ്റുള്ള എല്ലാരും ഈ കാഴ്ച ശ്വാസം അടക്കിപ്പിടിച്ചു നോക്കിനില്ക്കുകയാണ്. ആരോ വച്ച ഒരുഗ്രന്‍ വാളുപോലെ നിശബ്ദത തളംകെട്ടി നില്‍ക്കുന്നു. നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി. സുശീലണ്ണന്റെ അച്ഛനെ പ്രതിപാതിയ്ക്കുന്ന ഒന്നാം തരം ഒരു തെറികൊണ്ട് ആഗതന്‍ ആ നിശബ്തയെ ഭേദിച്ചു. ആ വിളിയുടെ എഫക്ടില്‍ സുശീലണ്ണന്‍ തല ഉയര്‍ത്തി നോക്കി. നോക്കുമ്പോളുണ്ട് ഒരുത്തന്‍ നിന്നു കണ്ണുരുട്ടുന്നു. തന്നെ ഉദ്ദേശിച്ചായിരിക്കില്ല എന്നു കരുതി വീണ്ടും കള്ളിലേക്കും കറിയിലേക്കും ശ്രദ്ധ കേന്ദീകരിച്ചു. അപ്പോളുണ്ടല്ലൊ ദോണ്ടെ വരുന്നു മുമ്പത്തേക്കാള്‍ മുഴുത്ത ഒരെണ്ണം. സുശീലണ്ണന് ഒന്നു അങ്ങോട്ട് മനസ്സിലായില്ല. ഏതോ ഒരുത്തന്‍ കള്ളു തലക്കുപിടിച്ചപ്പോള്‍ തന്റെ അച്ഛന് വിളിയ്ക്കുകയാണെന്നാണ് സുശീലണ്ണന്‍ കരുതിയത്. മൂന്നാമത്തെ ഒരെണ്ണം കൂടി വന്നതോടെ സുശീലണ്ണന്റെ കണ്‍ട്രോള്‍ പോയി. എങ്കിലും സുശീലണ്ണന്‍ മാന്യമായിതന്നെ പറഞ്ഞു

“ഡാ……………, ആവശ്യമില്ലാതെ തന്തക്ക് വിളിക്കരുത്”

ദോണ്ടെ… ലവന്‍ പിന്നേം…

“വിളിച്ചാ നീ എന്തു ചെയ്യുമെടാ...………………,

പിന്നെ സംഭവിച്ചതിനെക്കുറിച്ച് ആര്‍ക്കും വല്യ ഗ്രാഹ്യം ഇല്ല. സുശീലണ്ണന്‍ എഴുന്നേറ്റ് മിന്നല്‍ വേഗത്തില്‍ “ലവന്റെ” മൂക്കിനിട്ട് ഒറ്റ ഇടി, എന്നിട്ട് തല്‍സ്ഥാനത്ത് തിരിച്ചെത്തി പൂര്‍ണ്ണമായും മദ്യപാനത്തില്‍ വ്യാപൃതാനായി. ആര്‍ക്കും പെട്ടെന്ന് ഒന്നും മനസ്സിലായില്ല. എല്ലാവരും നോക്കിയപ്പോളുണ്ട് “ലവന്‍” താഴെ കിടക്കുകയാണ്…ആരൊക്കെയോ പിടിച്ച് എഴുന്നേല്‍പ്പിച്ചപ്പോഴുണ്ട്.. മുക്കില്‍ നിന്നും രക്തം കുടുകുടാ ചാടുന്നു. ആളുകള്‍ ചുറ്റും കൂടി.

സുശീലണ്ണന്‍ അവസാന തുള്ളിയും ആസ്വദിച്ച് കുടിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഷാപ്പിലെ കറിവയ്ക്കുന്ന വാസുവണ്ണന്‍ വന്ന് ചോദിയ്ക്കുന്നത്, “ഡോ… താന്‍ എന്തു പണിയാ കാണിച്ചത്… തനിയ്ക്കു വല്ല കാര്യവും ഉണ്ടായിരുന്നോ ആ കരടി ബിജുവിനെ തല്ലാന്‍…” ആ പേരു കേട്ടതും കുടിച്ചോണ്ടിരുന്ന കള്ള് സുശീലണ്ണന്റെ നെറുകില്‍ കയറി. ഞെട്ടല്‍ മറച്ചുവയ്ക്കാതെ തന്നെ സുശീലണ്ണന്‍ ചോദിച്ചു…

“ക..ക..കകരടി ബിജുവോ….”

തുടര്‍ന്ന് വാസുവണ്ണന്റെ അനവസരത്തിലുള്ള കമന്റും “ ഇനി തനിക്ക് ഏതായാലും നേരേചൊവ്വേ പോവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.”

ഇതൊക്കെ കേട്ടതും കുടിച്ച കള്ളിന്റെ മുഴുവന്‍ “കിക്കും” സുശീലണ്ണനില്‍ നിന്നും ആവിയായി പോയി. മേശപ്പുറത്തെ ഒഴിഞ്ഞ കുപ്പികള്‍ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി സുശീലണ്ണന് തോന്നി.

കരടിയെ ആരൊക്കെയോ ചേര്‍ന്ന് താങ്ങിയിരുത്തി. വെള്ളം കിട്ടിയില്ല പകരം ശുദ്ധമായ ആനമയക്കികൊണ്ട് മുഖം കഴുകി, രണ്ടിറക്ക് കുടിയ്ക്കാന്‍ കൊടുക്കുകയും ചെയ്തു. അതോടെ ആള്‍ക്ക് ഒരു ലെവല്‍ വീണു. സുശീലണ്ണന്‍ ആണെങ്കിലോ ഇതൊക്കെ നോക്കി പഴയപടി ഡസ്‌കില്‍ താളം പിടിച്ചുംകൊണ്ടിരിപ്പാണ്. (സത്യത്തില്‍ പേടിച്ചിട്ട് കയ്യും കാലും തളര്‍ന്നിട്ടാണ് സുശീലണ്ണന് ഓടാന്‍ കഴിയാഞ്ഞത്. ഡസ്‌കില്‍ താളം പിടിയ്ക്കുകയല്ല മറിച്ച് പേടിച്ചിട്ട് കൈ വിറയ്ക്കുന്നത് കണ്ട് മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നിയതാണ്.)

കരടി പതുക്കെ എഴുന്നേറ്റു നടന്ന് സുശീലണ്ണന്റെ അടുത്തെത്തി. എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച് നില്‍പ്പാണ്. എന്തും സംഭവിയ്ക്കാം, ചിലപ്പോള്‍ ഒരു കൊലപാതകത്തിനു തന്നെ സാക്ഷിയാവേണ്ടിയും വന്നേക്കാം.
പക്ഷെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടു കരടിയുടെ പ്രഖ്യാപനം…

“അളിയന്‍ നമ്മടെ ആളാ കേട്ടോ…”

എന്നിട്ട് സുശീലണ്ണന്റെ അടുത്ത് ഇരുന്ന് തോളില്‍ കയ്യിട്ടുകൊണ്ട് ചോദിച്ചു “അളിയാ ഒരെണ്ണം കൂടി പറയൊട്ടോ… എന്റെ ഒരു സന്തോഷത്തിന്…”
സുശീലണ്ണന്‍ ആകെ “ബ്ലിങ്കായിപ്പോയി” കാണുന്നതോ കേള്‍ക്കുന്നതോ വിശ്വസിയ്ക്കാന്‍ കഴിയാത്ത അവസ്ഥ. നല്ല ഒരു അടി പ്രതീക്ഷിച്ചിച്ച കുടിയന്മാര്‍ തികച്ചും, തീര്‍ത്തും നിരാശരായി. ഒരുമാതിരി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഡക്കിന് ഔട്ടായ അവസ്ഥ. ഒന്നും നടക്കില്ല എന്നു മനസ്സിലാക്കിയതോടെ എല്ലാവരും തങ്ങളുടെ കുപ്പികളിലേക്കു മടങ്ങി. ഷാപ്പ് വീണ്ടും ആഘോഷത്തിമിര്‍പ്പിലേക്ക്.

ഈ സമയത്തെ സുശീലണ്ണന്റെ അവസ്ഥ ശരിയ്ക്കും പറഞ്ഞാല്‍ വര്‍ണ്ണനാതീതമാണ്. സന്തോഷംകൊണ്ട് സുശീലണ്ണന്‍ കരയണമെന്നും മാനത്ത് വലിഞ്ഞുകേറണമെന്നും ഒക്കെ തോന്നി.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്നു വച്ചാല്‍ സുശീലണ്ണന്‍ ഇരുന്ന ബഞ്ച് കരടി ബിജുവിന്റെ കുത്തക സ്ഥാനമാണ്. കരടി വന്നു കഴിഞ്ഞാല്‍ ആരാണോ അവിടെ ഇരിയിക്കുന്നത് അയാള്‍ മാറികൊടുക്കണം എന്നതായിരുന്ന് അവിടുത്തെ അലിഘിത നിയമം. സുശീലണ്ണനാണെങ്കില്‍ കരടി ബിജുവിനെ കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നൊള്ളു, അതുകൊണ്ട്തന്നെ പുള്ളിക്ക് ആളെ മനസ്സിലായില്ല. അറിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷെ സുശീലണ്ണനും മാറികൊടുത്തേനെ.

ഏതായാലും അതോടെ സുശീലണ്ണന്‍ സ്റ്റാറായി… വെറും സ്റ്റാറല്ല സൂപ്പര്‍ സ്റ്റാര്‍…

അന്നുതൊട്ടു തുടങ്ങിയതാണ് കരടി ബിജുവും സുശീലണ്ണനും തമ്മിലുള്ള ബന്ധം. അതിന്നും ഭംഗിയായി തുടരുന്നു.