Sunday, November 7, 2010

യക്ഷിയും ഞാനും...


നാട്ടിലെങ്ങും ഇപ്പോള്‍ പാലകളായ പാലകളെല്ലാം പൂത്തിരിയ്ക്കുന്നു. എങ്ങും പാലപ്പൂമണം. തിരുവനന്തപുരം മുതല്‍ ഹരിപ്പാട് വഴി തൃശ്ശൂര്‍ വരെ ഞാന്‍ ഇന്നലെ യാത്ര ചെയ്തു. യാത്രയിലുടനീളം പാലപ്പൂമണവും കൂടെയുണ്ടായിരുന്നു. “ഒരുതരം വല്ലാത്ത മണമാണ് ഈ പാലപ്പൂവിന് ഒരുമാതിരി ഏലക്കായും വാനില എസ്സെന്സും കൂട്ടിക്കലര്ത്തിയപോലെ . അത് അകലെ എവിടെയെങ്കിലുമോ ഇനി അതല്ല കുറച്ചുനേരത്തേക്ക് ആണെങ്കിലോ ഹൃദ്യമായ ഒന്നാണ്. പക്ഷേ കുറേനേരം കഴിഞ്ഞാല്‍ ഒരു നൂറ് അടിച്ച എഫക്ടാണ്, തലയ്ക്കുപിടിക്കും. പാലപ്പൂക്കളെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് തോന്നുക ആവശ്യത്തിലധികം സൗന്ദര്യമുള്ള ഒരു പെണ്‍കുട്ടിയെയാണ്. ചില പെണ്‍കുട്ടികളെക്കാണുമ്പോള്‍ നമുക്ക് തോന്നാറില്ലേ ഇതിന് ഇത്രയും സൗന്ദര്യം വേണ്ടായിരുന്നുവെന്ന്. ഒരുമാതിരി സര്‍പ്പസൗന്ദര്യം എന്നൊക്കെപ്പറയില്ലേ. ഇവരെ ദൂരെ നിന്ന് ഒന്നു നോക്കുക എന്നതിലുപരി മറ്റൊന്നിനും ഒരുപക്ഷേ നമ്മള്‍ പോകില്ല. ഇനിയിപ്പോള്‍ കെട്ടിച്ച് തരാം എന്ന് ആരെങ്കിലും പറഞ്ഞാലും വേണ്ടാ എന്നേ പറയൂ.


ഈ പാലമരം ഉണ്ടല്ലോ അതിന്റെ നില്പുകണ്ടാല്‍ തോന്നും ഒരൊന്നന്നര മരമാണെന്ന്, പക്ഷേ ടൂട്ടോറിയല്‍ കോളേജിലെ ബഞ്ചിനും ഡസ്‌കിനും കൂടി കൊള്ളില്ല. വല്ല തീപ്പെട്ടിക്കമ്പനിക്കാരും എടുത്താലായി. പിന്നെ ചില വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഉള്ളതുകൊണ്ട് മാത്രം ഇങ്ങനെ പിടിച്ചുനില്‍ക്കുന്നു, അല്ലെങ്കില്‍ എന്നേ വെട്ടി ദൂരെക്കളഞ്ഞേനെ. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ നാട്ടിലെ യക്ഷികളൊക്കെ എന്നേ വഴിയാധാരമായേനെ.

എന്റെ വീടിനടുത്ത് ഒരു വലിയ പാലയുണ്ട്. നല്ല ലക്ഷണമൊത്ത ഒരു പാല, മിനിമം ഒരു പത്തിരുപത് യക്ഷികളെങ്കിലും കാണേണ്ടതാണ്.

എന്റെ മുറിയുടെ വാതില്‍ തുറന്നാല്‍ അതിനു നേരെ വരും ഈ പറയുന്ന പാല. പാല പൂക്കുന്ന കാലത്ത് മുറി പാലപ്പൂമണം കൊണ്ട് നിറയും, രാവും പകലും. ഹൈസ്കൂളില്‍ പഠിയ്ക്കുമ്പോള്‍ ആരും കാണാതെ ഏറ്റുമാനൂര്‍ ശിവകുമാറിന്റേയും പി.ജി.തമ്പിയുടേയും യക്ഷിപുസ്തകങ്ങള്‍ വായിയ്ക്കുക പതിവായിരുന്നു. യക്ഷിമന, ഏഴിലംപാല തുടങ്ങി ഒരു നീണ്ടനിരതന്നെ വരും അത്. മനോരമയിലും മംഗളത്തിലും വരുന്ന യക്ഷിനോവലുകളേയും വെറുതേ വിടില്ലായിരുന്നു. വീട്ടില്‍ ഇതൊന്നും വരുത്താറില്ലായിരുന്നു എങ്കിലും കിട്ടുന്നിടത്ത് പോയിരുന്ന് തച്ചിനിരുന്ന് വായിയ്ക്കുമായിരുന്നു. വായിക്കുന്നതിലുപരി അതിനെ മനസ്സില്‍ ചിത്രീകരിച്ചുനോക്കുന്നതിലായിരുന്നു രസം. പിന്നീട് കണ്ട യക്ഷിസിനിമകള്‍ക്ക് ഒന്നും നല്കാനാവാത്ത മികവ് ഈ മനചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇവിടെ സംവിധായകനും, ഛായാഗ്രാഹകനും നടനും ഒക്കെ ഞാന്‍ തന്നെയായിരുന്നല്ലോ.

ഒരുപക്ഷെ എന്റെ കൗമാരചിന്തകളില്‍ ആദ്യന്തം യക്ഷികള്‍ നിറഞ്ഞുനിന്നിരുന്നു എന്നു പറയാം. നോവലുകളില്‍ പറയുന്നതുപോലെ എന്നെങ്കിലും അവര്‍ എന്റെ അടുത്ത് വരുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അതിനുവേണ്ടി യക്ഷിപുസ്തകങ്ങളില്‍ പറഞ്ഞിരുന്ന എല്ലാ രീതികളും ഞാന്‍ അവലംബിച്ചിരുന്നു. പാലച്ചുവട്ടില്‍ കിടന്നുറങ്ങുക, പാലയുടെ അടുത്ത് ചെന്ന് ഇന്ന് എന്റെ അടുത്ത് വരുമോ.. എന്ന് ചോദിയ്ക്കുക. രാത്രി മുറിയുടെ വാതില്‍ തുറന്നിടുക തുടങ്ങി ഒരു യക്ഷിയെ കാണാന്‍ വേണ്ടി എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാന്‍ ചെയ്തിരുന്നു. എത്രയോ വെള്ളിയാഴ്ചകളില്‍ നട്ടപ്പാതിരായിക്കിറങ്ങി പാലച്ചുവട്ടില്‍ പോയി നിന്നിട്ടുേെണ്ടന്നോ... എന്നിട്ടും യക്ഷി പോയിട്ട് ഒരു പക്ഷിയെക്കൂടിക്കാണാനായില്ല. എട്ടാം ക്ലസ്സില്‍ പഠിയ്ക്കുമ്പോള്‍ യക്ഷിയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂടെ പഠിച്ചിരുന്ന അഭിലാഷ് എന്റെ കയ്യില്‍ നിന്നും 15 രൂപ യും ഒരു റബ്ബര്‍ പന്തും വാങ്ങിയിരുന്നു. അതും എനിയ്ക്ക് വിഷുക്കൈനീട്ടം കിട്ടിയ 15 രൂപ, എന്റെ വാര്‍ഷിക വരുമാനം. അവന്റെ പരിചയത്തില്‍ ഏതോ യക്ഷിയുണ്ട് പോലും... പക്ഷെ അന്നു പോയ അവന്‍ പിന്നീട് വന്നില്ല. പഠിത്തം നിര്‍ത്തി, നാടു വിട്ടു. എന്റെ യക്ഷി മോഹങ്ങളുമായി അഭിലാഷ് ബോംബെയ്ക്ക് വണ്ടി കയറി.(ബോംബെയില്‍ നിന്നും എങ്ങനെയോ അവന്‍ മാലിയില്‍ എത്തി രക്ഷപെട്ടു. നാട്ടില്‍ വരുമ്പോളൊക്ക ഞങ്ങള്‍ കാണാറുണ്ട്, പക്ഷെ യക്ഷിയെമാത്രം കാണിച്ചുതന്നില്ല. ഇത്തവണ ചോദിച്ചപ്പോള്‍ പറഞ്ഞു ആ യക്ഷി ചത്തു പോയെന്ന്. എന്റെ 15 രൂപയും റബ്ബര്‍ പന്തും തിരികെ ചോദിച്ചു. പക്ഷെ അതിനവന്‍ പറഞ്ഞ മറുപടി ഇവിടെ ചേര്‍ക്കാന്‍ കൊള്ളില്ല.)

തുടരും...

എന്‍. ബി.- ഏതെങ്കിലും മാന്യ യക്ഷി ഇതു വായിക്കുന്നു എങ്കില്‍ എന്നെ ഒന്നു കാണണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.


വാല്‍ക്കഷണം:
പശയുള്ള മരമാണ് പാല. പാല എന്നത് ഒരു പ്രത്യേക മരത്തിന്റെ പേരല്ല, മറിച്ച് ഈ വർഗത്തിലുള്ള ഒരു കൂട്ടം മരങ്ങളെ ഇതേ പേരിലാണ് അറിയപ്പെടുന്നത്. ക്ഷേത്രച്ചമ്പകം, പാലച്ചമ്പകം എന്നും പേരുകൾ ഉണ്ട്. ഏഴിലം പാല, വെള്ളിലം പാല, ഗന്ധപ്പാല എന്നിങ്ങനെ വിവിധ തരം പാലകള് ഉണ്ട്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഉഷ്ണമേഖലാ നിത്യഹരിതവൃക്ഷമാണ്‌ ഏഴിലംപാല (Alstonia scholaris). ഐതിഹ്യങ്ങളിലും മറ്റും, യക്ഷിയുമായി ഈ പാലയെ ബന്ധിപ്പിക്കറുണ്ട്. അപ്പോസൈനസി (Apocynaceae) എന്ന സസ്യ കുടുംബത്തിലെ അംഗമാണ് ഏഴിലം പാല. ഇതിന്റെ ശാസ്ത്ര നാമം അല്സ്ടോനിയ സ്കൊളാരിസ് ( Alstonia scholaris). . ലോകത്തെമ്പാടും ഏതാണ്ട് നാൽപ്പതു മുതൽ അമ്പതു വരെ വ്യത്യസ്ത സ്പീഷ്യസ് (species) ഉണ്ടെന്നാണ് ശാസ്ത്ര മതം . ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്ക , മധ്യ അമേരിക്ക, ന്യൂസിലാന്റ് , ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്. നിത്യ ഹരിത വനങ്ങളിലെ സജീവ സാന്നിധ്യമാണ് പാലമരങ്ങൾ . ഏഴിലംപാല , യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല തുടങ്ങി കേരളത്തിൽ അങ്ങോളം ഇങ്ങോളം പാലകൾക്ക് അനവധി നാമധേയങ്ങൾ ഉണ്ട്. ആംഗലേയത്തിൽ ഇതിനു ഡെവിൾ ട്രീ എന്നും പേര് .
ഏഴിലം പാലയ്ക്ക് ഈ പേര് വരാൻ കാരണം ഒരിതളിൽ ഏഴ് ഇലകൾ ഉള്ളതുകൊണ്ടാണെന്ന് പറയപ്പെടുന്നു . ആയുർവേദത്തിൽ വാത, പിത്ത രോഗങ്ങൾക്കും , തൊലി, മലേറിയ , അൾസർ , അപസ്മാരം , ദഹനക്കുറവ് . പനി , തുടങ്ങിയ രോഗങ്ങൾക്ക് പാലയുടെ ഇല,തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്.
വിവരങ്ങള്‍ക്ക് കടപ്പാട് - വിക്കിപീഡിയ മലയാളം
>